തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് സാക്ഷരതാ പാഠപുസ്തകം നീട്ടിയപ്പോള്‍ 70 കാരി അബുസാബീവി കുറച്ചു നേരം കണ്ണടച്ചു നിന്നു. കൗതുകത്തോടെ നോക്കി നിന്ന മന്ത്രിയോട് പിന്നെ നിഷ്ക്കളങ്കതയുടെ മനം തുറന്നു. നല്ലകാര്യം തുടങ്ങാന്‍ പോവുകയല്ലേ സാറേേ…., അള്ളാനെ മനസ്സില്‍ വണങ്ങി തുടങ്ങാമെന്നു കരുതി. പിന്നെ മന്ത്രിയെ ഒന്നു വണങ്ങി, ഇനി പാഠപുസ്തകം തന്നോളൂ. അബുസാബീവിയുടെ അക്ഷരലോകത്തേക്കുള്ള കാല്‍വെയ്പ് കണ്ടുനിന്നവര്‍ക്ക് മറ്റൊരു പാഠം പകര്ന്നുനല്കി. അറിവുണ്ടെന്ന് സ്വയംകരുതുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പാഠം. ആ പാഠം എന്തെന്ന് മന്ത്രി തന്നെ വിശദമാക്കി. “ആ ഗുരുത്വം കണ്ടില്ലേ. പഴമക്കാരില്‍ നിന്നും പുതു തലമുറ ഇതൊക്കെ കണ്ടുപഠിക്കണം.”. സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കിവരുന്ന അക്ഷരശ്രീ പദ്ധതിയുടെ പ്രവേശനോത്സവം അബുസാബീവിയ്ക്ക് സാക്ഷരതാപാഠപുസ്തകം നല്കി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുത്തന്‍പള്ളി വാര്‍ഡില്‍ മില്‍ക്ക് കോളനി നിവാസിയാണ് അബുസാബീവി. ചെറുപ്പത്തില്‍ പഠിക്കാന്‍ ഏറെ താല്പര്യം ഉണ്ടായിരുന്നെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ വിലങ്ങുത്തടിയായെന്ന് ഈ മുത്തശ്ശി പറയുന്നു. 12 മക്കളുടെ മാതാവാണ് അബുസാബീവി. ഭര്‍ത്താവിന് കൂലിപ്പണിയില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാതെ വന്നപ്പോള്‍ കൈത്താങ്ങാകാന്‍ അബുസാബീവിയും ഭര്‍ത്താവിനൊപ്പം കൂലിപ്പണിയ്ക്കിറങ്ങി. ഇതിനിടയില്‍ പഠിക്കണമെന്ന് കലശലായ മോഹം തോന്നിയെങ്കിലും മക്കളെ പഠിപ്പിച്ച് ഒരു കരയ്ക്കെത്തിക്കാനുള്ള ഓട്ടത്തില്‍ അതൊന്നും നടന്നില്ല. “ഇപ്പോള്‍ മക്കളെല്ലാം നല്ല നിലയിലായി. ഇനി പഠിക്കണം. പഠനത്തിന് പ്രായം ഒരു തടസ്സമേയല്ലെന്നാണ് എന്റെ പക്ഷം”- അബുസാബീവി പറഞ്ഞു.
പഠിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഏതു പ്രായത്തിലും പഠിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. സാക്ഷരത മാത്രമല്ല, ഹയര്‍സെക്കന്‍ഡറി വരെ സാക്ഷരതാമിഷന്‍ ഒരുക്കിയിരിക്കുന്ന തുടര്‍പഠന സൗകര്യം വേണ്ടവിധം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഹൈടെക് സ്കൂളുകളും സ്മാര്‍ട്ട് ക്ലാസുകളും ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ആറ്റുകാല്‍ വാര്‍ഡിലെ ‘സായാഹ്നം’ വൃദ്ധസദനത്തില്‍ നിന്നുള്ള സരള(83)യ്ക്ക് ഏഴാംതരം പാഠപുസ്തകവും ലീല(65)യ്ക്ക് പത്താംതരം പാഠപുസ്തകവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ വി.കെ പ്രശാന്ത് വിതരണം ചെയ്തു. പുത്തന്‍പള്ളി വാര്‍ഡിലെ റഷീദ, നസീമാബീവി എന്നിവര്‍ക്ക് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല നാലാംതരം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.
മാര്‍ച്ച് 15ന് ആരംഭിക്കുന്ന അക്ഷരശ്രീ ക്ലാസുകളുമായി ബന്ധപ്പെട്ട് ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തുല്യതവരെയുള്ള വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 8500 പഠിതാക്കളുടെ പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്. സാക്ഷരത, നാല്,ഏഴ്,പത്ത് തുല്യതാ ക്ലാസുകളില്‍ പൂര്‍ണമായും സ്ത്രീ പഠിതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ക്ലാസ് സംഘടിപ്പിക്കും. സാക്ഷരതയില്‍ ഒരു വാര്‍ഡില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്. നാലിന് ഒരു വാര്‍ഡില്‍ 20 പഠിതാക്കള്‍, ഏഴാംതരത്തിന് 15 പഠിതാക്കള്‍ എന്നിങ്ങനെയാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. പത്താംതരത്തില്‍ 15, ഹയര്‍സെക്കന്‍ഡറിയ്ക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാര്‍ഡിലും സംഘടിപ്പിക്കുക. ഇത്തരത്തില്‍ നഗരസഭയുടെ മൊത്തം 100 വാര്‍ഡുകളിലുമായി വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കളുടെ എണ്ണം ഇപ്രകാരമാണ്: സാക്ഷരത- 2500, നാലാംതരം- 2000, ഏഴാംതരം- 1500, പത്താംതരം- 1500, ഹയര്‍സെക്കന്‍ഡറി തുല്യത- 1000. ഓരോ കോഴ്സുകളുടെയും കാലയളവ് ഇങ്ങനെ: സാക്ഷരത- മൂന്ന് മാസം, നാലാംതരം തുല്യത – ആറ് മാസം, ഏഴാംതരം തുല്യത- എട്ട് മാസം. പത്താംതരം തുല്യത- 10 മാസം. ഹയര്‍സെക്കന്‍ഡറി തുല്യത- രണ്ട് അധ്യയന വര്‍ഷം.
ഓരോ വാര്‍ഡിലും പ്രത്യേകമായി സജീകരിച്ച അക്ഷരശ്രീ പഠനകേന്ദ്രങ്ങളിലാണ് സാക്ഷരത, നാല്, ഏഴ് തുല്യതാ ക്ലാസുകള്‍ നടത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, നഗരസഭ സ്ഥാപനങ്ങള്‍ മറ്റു പൊതുസ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകള്‍ പൊതു വിദ്യാലയങ്ങളില്‍ നടത്തും. 2019 ജൂണ്‍ 23ന് മികവുത്സവം എന്ന പേരില്‍ സാക്ഷരതാ പരീക്ഷ നടത്തും. നാലാംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 29നും ഏഴാംതരം തുല്യതാ പരീക്ഷ നവംബര്‍ 24 നും നടത്തും. ഡിസംബര്‍ 10ന് സാക്ഷരത മുതല്‍ ഏഴാംതരം വരെയുള്ള കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പഠിതാക്കളുടെ സംഗമവും നടക്കും. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നിലവില്‍ നടന്നുവരുന്ന കോഴ്സുകളുടെ ഭാഗമായി നടക്കും.
നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി.ബാബു, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.പുഷ്പലത, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍നായര്‍, ഫിനാന്‍സ് ഓഫീസര്‍ അജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.