തിരുവനന്തപുരം: നിരക്ഷരതയുടെ തുരുത്തുകളിലേക്ക് അറിവന്റെ നറുവെളിച്ചമെത്തിക്കാന് പുതിയ പദ്ധതിയുമായി സംസ്ഥാന സാക്ഷരതാമിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിക്കുന്ന 1000 പദ്ധതികളിലൊന്നാണിത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സ.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന സംസ്ഥാനത്തെ 2000 കോളനികളാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. ഒരു കോളനിയില്‍ നിന്നും ഏറ്റവും കുറഞ്ഞത് 25 പേരെ സാക്ഷരരാക്കും. 2000 കോളനികളില്‍ നിന്നും 50000 പേരെ സാക്ഷരരാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സാക്ഷരതാമിഷന്റെ 2000 പ്രേരക്മാര്‍ അവരുടെ പ്രവര്‍ത്തനം ഈ കോളനികളിലേക്ക് കേന്ദ്രീകരിക്കും. പട്ടികജാതി, ആദിവാസി, തീരദേശ കോളനികളാണ് തിരഞ്ഞെടുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന കോളനികളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ അടിസ്ഥാന സാക്ഷരത, ഭരണഘടനാ സാക്ഷരതയുള്‍പ്പെടെയുള്ള സാമൂഹ്യസാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കും. തിരഞ്ഞെടുക്കുന്ന കോളനി, കോളനിയുള്‍പ്പെടുന്ന വാര്‍ഡ്, വാര്‍ഡ് ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവയുടെ വിവരം ഫെബ്രുവരി 28ന് മുമ്പ് പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഓഗസ്റ്റ് 5ന് മികവുത്സവം എന്ന പേരില്‍ പരീക്ഷ നടത്തും. ലോക സാക്ഷരതാ ദിനമായ സെപ്തംബര്‍ 8ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. സാക്ഷരതാ പരീക്ഷ വിജയിക്കുന്നവര്‍ക്കും സ്കൂളില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ക്കും പദ്ധതിയുടെ ഭാഗമായി തുടര്‍പഠനത്തിന് അവസരം ഒരുക്കും.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന ‘അക്ഷരലക്ഷം’ പദ്ധതി ആദ്യഘട്ട പരീക്ഷയില്‍ സംസ്ഥാനത്ത് മൊത്തം 42,933 പേര് സാക്ഷരതാ പരീക്ഷ വിജയിച്ചിരുന്നു. സംസ്ഥാനത്തെ 2000 വാര്‍ഡുകളില്‍ സര്‍വേ നടത്തിയായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഇതു കൂടാതെ പട്ടികജാതി വിഭാഗങ്ങള്‍ക്കായി നവചേതന, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സമഗ്ര, തീരദേശമേഖല കേന്ദ്രീകരിച്ച് അക്ഷരസാഗരം എന്നീ സാക്ഷരതാ പദ്ധതികളും നടത്തിവരുന്നു. ഈ മൂന്ന് പദ്ധതികളിലുമായി ഇതുവരെ മൊത്തം 10,435 പേര് സാക്ഷരരായി.
1998-ല്‍ സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങിയപ്പോള്‍ ബഹുഭൂരിഭാഗവും നഗര,പട്ടണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്. ഇതുകാരണം പാര്‍ശ്വവത്കൃത മേഖലകളിലേക്കും കോളനി പ്രദേശങ്ങളിലേക്കും സാക്ഷരതാ പ്രവര്‍ത്തനം വേണ്ടത്ര എത്തിച്ചേരാത്ത സ്ഥിതിയുണ്ടായി. അതിനാല്‍ ഈ മേഖലകളില്‍ സമ്പൂര്‍ണ സാക്ഷരത കൈവരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഈ സര്‍ക്കാര്‍ പാര്‍ശ്വവത്കൃത മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നവചേതന, സമഗ്ര, അക്ഷരസാഗരം എന്നീ പദ്ധതികള്‍ ആരംഭിച്ചത്. ഈ പദ്ധതികള്‍ക്കെല്ലാം മികച്ച പ്രതികരണവും ലഭിച്ചുവരുന്നു. പ്രേരക്മാരുടെ പ്രവര്‍ത്തന മണ്ഡലം സമീപത്തുള്ള കോളനികളിലേക്ക് കൂടി വ്യാപിപ്പിച്ച് സംസ്ഥാനത്ത് പരിപൂര്‍ണ സാക്ഷരത നടപ്പിലാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്തംഗം മഞ്ജുളാ അരുണ്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, കെ.ജെ.ഡിക്സണ്‍, അമ്പിളി ശിവരാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.