നഗരം ഒരുങ്ങി; അക്ഷരവിപ്ലവത്തിന്
നഗരസഭയില്‍ അക്ഷരശ്രീ ഓഫീസ് തുറന്നു
തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനു ശേഷം നഗരം മറ്റൊരു അക്ഷരവിപ്ലവത്തിന്. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ പദ്ധതിയില്‍ ക്ലാസുകള്‍ മാര്‍ച്ച് 15ന് തുടങ്ങും. പദ്ധതി നടത്തിപ്പിനായി നഗരസഭയില്‍ അക്ഷരശ്രീ ഓഫീസ് തുറന്നു. മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തുല്യതവരെയുള്ള വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 8500 പഠിതാക്കള്‍ നഗരത്തിലെ 100 വാര്‍ഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 500 പഠനകേന്ദ്രങ്ങളില്‍ മാര്‍ച്ച് 15ന് പഠനം ആരംഭിക്കും.
സാക്ഷരത, നാല്,ഏഴ്,പത്ത് തുല്യതാ ക്ലാസുകളില്‍ പൂര്‍ണമായും സ്ത്രീ പഠിതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ക്ലാസ് സംഘടിപ്പിക്കും. സാക്ഷരതയില്‍ ഒരു വാര്‍ഡില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്. നാലിന് ഒരു വാര്‍ഡില്‍ 20 പഠിതാക്കള്‍, ഏഴാംതരത്തിന് 15 പഠിതാക്കള്‍ എന്നിങ്ങനെയാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. പത്താംതരത്തില്‍ 15, ഹയര്‍സെക്കന്‍ഡറിയ്ക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാര്‍ഡിലും സംഘടിപ്പിക്കുക. ഇത്തരത്തില്‍ നഗരസഭയുടെ മൊത്തം 100 വാര്‍ഡുകളിലുമായി വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കളുടെ എണ്ണം ഇപ്രകാരമാണ്: സാക്ഷരത- 2500, നാലാംതരം- 2000, ഏഴാംതരം- 1500, പത്താംതരം- 1500, ഹയര്‍സെക്കന്‍ഡറി തുല്യത- 1000.
ഓരോ കോഴ്സുകളുടെയും കാലയളവ് ഇങ്ങനെ: സാക്ഷരത- മൂന്ന് മാസം, നാലാംതരം തുല്യത – ആറ് മാസം, ഏഴാംതരം തുല്യത- എട്ട് മാസം. പത്താംതരം തുല്യത- 10 മാസം. ഹയര്‍സെക്കന്‍ഡറി തുല്യത- രണ്ട് അധ്യയന വര്‍ഷം.
ഓരോ വാര്‍ഡിലും പ്രത്യേകമായി സജീകരിച്ച അക്ഷരശ്രീ പഠനകേന്ദ്രങ്ങളിലാണ് സാക്ഷരത, നാല്, ഏഴ് തുല്യതാ ക്ലാസുകള്‍ നടത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, നഗരസഭ സ്ഥാപനങ്ങള്‍ മറ്റു പൊതുസ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകള്‍ പൊതു വിദ്യാലയങ്ങളില്‍ നടത്തും. 2019 ജൂണ്‍ 23ന് മികവുത്സവം എന്ന പേരില്‍ സാക്ഷരതാ പരീക്ഷ നടത്തും. നാലാംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 29നും ഏഴാംതരം തുല്യതാ പരീക്ഷ നവംബര്‍ 24 നും നടത്തും. ഡിസംബര്‍ 10ന് സാക്ഷരത മുതല്‍ ഏഴാംതരം വരെയുള്ള കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പഠിതാക്കളുടെ സംഗമവും നടക്കും. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നിലവില്‍ നടന്നുവരുന്ന കോഴ്സുകളുടെ ഭാഗമായി നടക്കും.
നഗരസഭയിലെ അക്ഷരശ്രീ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല അധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി.ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുദര്ശനന്, സാക്ഷരതാമിഷന്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ അസി.ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.