പഠിതാക്കള്‍ 8500, പഠനകേന്ദ്രങ്ങള്‍ 500
തിരുവനന്തപുരം: . അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ പദ്ധതിയില്‍ ക്ലാസുകള്‍ ഇന്ന് (15, വെള്ളി)തുടങ്ങും. സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തുല്യതവരെയുള്ള വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 8500 പഠിതാക്കള്‍ നഗരത്തിലെ 100 വാര്‍ഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 500 പഠനകേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ സജീകരിച്ചിരിക്കുന്നത്. സാക്ഷരതയ്ക്ക് 100, വിവിധ തുല്യതാ കോഴ്സുകള്‍ക്കുള്ള നാലാംതരം 200, ഏഴാംതരം 300, പത്താംതരം 180, ഹയര്‍ സെക്കന്‍ഡറി 120 എന്നിങ്ങനെയാണ് അധ്യാപകരുടെ എണ്ണം.
സാക്ഷരതാമിഷന്‍ പുതുതായി തയ്യാറാക്കിയ സാക്ഷരതാ പാഠാവലിയിലാണ് സാക്ഷരതാ ക്ലാസ്. വായന,എഴുത്ത്, കണക്ക് വിഷയങ്ങളാണ് സാക്ഷരതാ പാഠാവിലിയിലെ ഉള്ളടക്കം. നാലാംതരം തുല്യതയ്ക്ക് മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ നാല് വിഷയങ്ങളാണുള്ളത്. ഏഴാംതരംത്തിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നിങ്ങനെ ആറ് വിഷയങ്ങള്‍. പത്താംതരം തുല്യതയ്ക്ക് മൊത്തം ഒമ്പത് വിഷയങ്ങള്‍: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ് (ചരിത്രം,ഭൂമിശാസ്ത്രം), ജീവല്‍ശാസ്ത്രം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, വിവരസാങ്കേതിക വിദ്യ. ഹ്യുമാനിറ്റിസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിനുള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍സെക്കന്‍ഡറി കോഴ്സിനു സമാനമായ എല്ലാ വിഷയങ്ങളും ഈ രണ്ടു ഗ്രൂപ്പുകളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മുഖ്യ സവിശേഷത. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയാണ് ഐച്ഛിക വിഷയങ്ങള്‍. കൊമേഴ്സില്‍ ഇംഗ്ലീഷ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയും രണ്ടാം ഭാഷയായി രണ്ടു ഗ്രൂപ്പിലും ഹിന്ദിയോ മലയാളമോ തെരഞ്ഞെടുക്കാം. പത്തു വിഷയങ്ങളിലായി 13 സ്വയംപഠനപുസ്തകങ്ങള് ഒരേസമയം കാമ്പും കരുത്തുമുള്ളതും ലളിതവുമാണ്.
സാക്ഷരത, നാല്,ഏഴ്,പത്ത് തുല്യതാ ക്ലാസുകളില്‍ പൂര്‍ണമായും സ്ത്രീ പഠിതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ക്ലാസ് സംഘടിപ്പിക്കും. സാക്ഷരതയില്‍ ഒരു വാര്‍ഡില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്. നാലിന് ഒരു വാര്‍ഡില്‍ 20 പഠിതാക്കള്‍, ഏഴാംതരത്തിന് 15 പഠിതാക്കള്‍ എന്നിങ്ങനെയാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. പത്താംതരത്തില്‍ 15, ഹയര്‍സെക്കന്‍ഡറിയ്ക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാര്‍ഡിലും സംഘടിപ്പിക്കുക. ഇത്തരത്തില്‍ നഗരസഭയുടെ മൊത്തം 100 വാര്‍ഡുകളിലുമായി വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കളുടെ എണ്ണം ഇപ്രകാരമാണ്: സാക്ഷരത- 2500, നാലാംതരം- 2000, ഏഴാംതരം- 1500, പത്താംതരം- 1500, ഹയര്‍സെക്കന്‍ഡറി തുല്യത- 1000.
ഓരോ കോഴ്സുകളുടെയും കാലയളവ് ഇങ്ങനെ: സാക്ഷരത- മൂന്ന് മാസം, നാലാംതരം തുല്യത – ആറ് മാസം, ഏഴാംതരം തുല്യത- എട്ട് മാസം. പത്താംതരം തുല്യത- 10 മാസം. ഹയര്‍സെക്കന്‍ഡറി തുല്യത- രണ്ട് അധ്യയന വര്‍ഷം.
ഓരോ വാര്‍ഡിലും പ്രത്യേകമായി സജീകരിച്ച അക്ഷരശ്രീ പഠനകേന്ദ്രങ്ങളിലാണ് സാക്ഷരത, നാല്, ഏഴ് തുല്യതാ ക്ലാസുകള്‍ നടത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, നഗരസഭ സ്ഥാപനങ്ങള്‍ മറ്റു പൊതുസ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകള്‍ പൊതു വിദ്യാലയങ്ങളില്‍ നടത്തും. 2019 ജൂണ്‍ 23ന് മികവുത്സവം എന്ന പേരില്‍ സാക്ഷരതാ പരീക്ഷ നടത്തും. നാലാംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 29നും ഏഴാംതരം തുല്യതാ പരീക്ഷ നവംബര്‍ 24 നും നടത്തും. ഡിസംബര്‍ 10ന് സാക്ഷരത മുതല്‍ ഏഴാംതരം വരെയുള്ള കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പഠിതാക്കളുടെ സംഗമവും നടക്കും. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നിലവില്‍ നടന്നുവരുന്ന കോഴ്സുകളുടെ ഭാഗമായി നടക്കും.