തിരുവനന്തപുരം: അമേരിക്കയില്‍ ചക്കയില്ലാത്തത് എന്തുകൊണ്ട്?. തണുപ്പുള്ള അവിടൊക്കെ പ്ലാവെങ്ങനെ സാറേ…, വയനാട് പൂതാടിയില്‍ താണിക്കുന്ന് കോളനിയിലെ സിനിയുടെ മറുചോദ്യം കേട്ട് മന്ത്രി സി.രവീന്ദ്രനാഥ് ആദ്യമൊന്ന് ഞെട്ടി. പിന്നെ, അനുമോദനത്തിന്റെ കരസ്പര്‍ശം. സാക്ഷരതാമിഷന്റെ ആദിവാസി സാക്ഷരത-തുല്യതാ പദ്ധതിയായ ‘സമഗ്ര’ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി തൈയ്ക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലേക്ക് ഇന്നലെ ഉച്ചയോടെയാണ് മന്ത്രി ആകസ്മികമായെത്തിയത്. ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നാലാംതരം, ഏഴാംതരം പാഠപുസ്തകങ്ങളിലായിരുന്നു പരിശീലനം. ഏഴാം തരത്തിലെ അടിസ്ഥാനശാത്രം പാഠപുസ്തകത്തിലെ ‘നമ്മുടെ ആരോഗ്യം എന്ന പാഠഭാഗത്തെ അധികരിച്ച് രവീന്ദ്രനാഥ് ക്ലാസ്സെടുത്തു. നാം എന്തിനാണ് ആഹാരം കഴിക്കുന്നത് ?. വയറിന്റെ വിശപ്പകറ്റാന്‍ – കണ്ണൂര്‍ ചങ്കായത്തോട് കോളനിയിലെ സുനിലിന്റേതാണ് മറുപടി. മറ്റവയവങ്ങള്‍ക്ക് എന്താ വിശപ്പില്ലേയെന്ന മന്ത്രിയുടെ ചോദ്യം പിന്നാലെ വന്നു. ” നാം ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം കിട്ടുന്നതിനാണ്’.- ചോദ്യത്തിനുള്ള ഉത്തരവും മന്ത്രി തന്നെ വിശദമാക്കി. മടങ്ങുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കാനും മന്ത്രി രവീന്ദ്രനാഥ് മറന്നില്ല. നിങ്ങള്‍ ശാസ്ത്രം പഠിപ്പിക്കുമ്പോള്‍ പഠിതാക്കളില്‍ ശാസ്ത്ര ബോധം ഉണ്ടാവണം. ജീവിതത്തില്‍ അതൊക്കെ അവരുടെ അനുഭവമായി മാറണം.- മന്ത്രി ഉപദേശിച്ചു.
‘മുതിര്‍ന്നവരുടെ മന:ശാസ്ത്രവും നമ്മുടെ പഠിതാക്കളും’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ കെ.കെ.കൃഷ്ണകുമാര്‍ ക്ലാസ്സെടുത്തു. വിവിധ വിഷയങ്ങളില്‍ ഡോ.ഗീതാലക്ഷ്മി, സതീഷ് ചന്ദ്രബാബു, മഞ്ചു കെ.കെ., ഷൈജു എസ്.എല്‍, ഗരീഷ്കുമാര്‍, സന്തോഷ് ബി.എസ് എന്നിവര്‍ പാഠപുസ്തക പരിചയം നടത്തി. ഓപ്പണ്‍ ഫോറം, കലാപരിപാടികള്‍ എന്നിവയും പരിശീലന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കഴിഞ്ഞ 25ന് ആരംഭിച്ച പരിശീലനം ഇന്നലെ സമാപിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല നേതൃത്വം നല്കി. അസി.ഡയറക്ടര്‍മാരായ ഡോ.വിജയമ്മ, കെ.അയ്യപ്പന്‍നായര്‍ ഫിനാന്‍സ് ഓഫീസര്‍ അജിത്ത്കുമാര്‍, സമഗ്ര പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് സാക്ഷരതാ നിലവാരം ഏറ്റവും കുറവെന്ന് പട്ടികവര്‍ഗ വികസനവകുപ്പ് കണ്ടെത്തിയ 100 ആദിവാസി ഊരുകളില്‍ 2018 മാര്‍ച്ചിലാണ് സമഗ്ര പദ്ധതിയില്‍ സാക്ഷരതാ ക്ലാസുകള്‍ ആരംഭിച്ചത്. ഈ ഊരുകളില്‍ ആദ്യഘട്ടത്തില്‍ സാക്ഷരത നേടിയ 1996 പേര് ഉള്‍പ്പെടെ മൊത്തം 2900 പേര്‍ക്കുള്ള നാലാംതരം ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ഇതിനായുള്ള ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനമാണ് പൂര്‍ത്തിയാക്കിയത്. പദ്ധതി നടപ്പിലാക്കുന്ന ഓരോ ഊരിലും ഓരോ ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചത്. മുഴുവന്‍ പേരും ആദിവാസികളാണ്. പദ്ധതി പ്രദേശത്ത് ആരംഭിക്കുന്ന വിദ്യാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, സാക്ഷരതാ- തുല്യതാ ക്ലാസ്, സാമൂഹ്യസാക്ഷരതാ പരിപാടികളുടെ സംഘാടനം, ക്ലാസ് നയിക്കല്‍ എന്നിവയാണ് ഇവര്‍ക്കുള്ള ചുമതല. ആദിവാസിവിഭാഗത്തില്‍പ്പെട്ട പത്താംക്ലാസ് വിജയിച്ചവരെയാണ് ഇന്സ്ട്രക്ടര്മാരാക്കിയത്.