തിരുവനന്തപുരം: തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ച പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളുടെ രണ്ടാംബാച്ചില് 5068 പേര് പരീക്ഷയെഴുതി.
2018 ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച ആദ്യ ബാച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ പരീക്ഷയെഴുതിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്നു കോഴ്സുകളിലുമായി മൊത്തം 2018 പേരാണ് ആദ്യബാച്ചില്‍ പരീക്ഷ എഴുതിയത്.
രണ്ടാം ബാച്ചില്‍ ഗുഡ് ഇംഗ്ലീഷ് – 3790, പച്ചമലയാളം – 806, അച്ഛീ ഹിന്ദി- 476 എന്നിങ്ങനെയാണ് പരീക്ഷഎഴുതിയവരുടെ എണ്ണം. മൂന്ന് കോഴ്സുകളിലും ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതിയത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ ഗുഡ് ഇംഗ്ലീഷ്- 1220, പച്ചമലയാളം -370 അച്ഛീ ഹിന്ദി – 417 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നവരുടെ കണക്ക്. തിരുവനന്തപുരം കഴിഞ്ഞാല്‍ മലപ്പുറം ജില്ലയിലാണ് ഗുഡ് ഇംഗ്ലീഷില്‍ കൂടുതല്‍ പേര് പരീക്ഷയെഴുതിയത്.1000 പേര്. കാസര്‍കോഡ് ജില്ലയ്ക്കാണ് പച്ചമലയാളം പരീക്ഷയെഴുതിയവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം. 190 പേര്.
മറ്റ് ഭാഷ മാത്രമറിയുന്നവര്‍, ഭരണഭാഷ മാതൃഭാഷയായതിനെ തുടര്‍ന്ന് ഓഫീസ് നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നവര്‍, ഭാഷാന്യൂനപക്ഷത്തിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും പച്ചമലയാളം കോഴ്സിനായി ഉദ്ദേശിക്കുന്നത്. മലയാളം കംപ്യൂട്ടിങ് വ്യാപിപ്പിക്കുക, സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. രണ്ട് പാഠ്യഭാഗങ്ങളുണ്ടാകും. ആദ്യത്തേതില്‍ അക്ഷരം, ചിഹ്നം, വാക്യം, വാക്യഘടന എന്നിവ പഠിപ്പിക്കും. അടുത്തതില്‍ ഭാഷാ സാഹിത്യം, കല, കേരളസംസ്കാരം, മാധ്യമ സാക്ഷരത എന്നവയായിരിക്കും വിഷയങ്ങള്‍. സാമാന്യ ആശയവിനിമയം, വ്യാകരണശുദ്ധിയോടെ എഴുതുന്നതിനുള്ള പാടവം എന്നിവ വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ രൂപപ്പെടുത്തിയതാണ് ഗുഡ് ഇംഗ്ലീഷ്,അച്ഛീ ഹിന്ദി കോഴ്സുകള്‍.
സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ മൂന്നാം ബാച്ചിലേക്കു രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതീയതി ജൂലൈ 15 വരെയാണ്. രജിസ്ട്രേഷന് ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്.
നാലുമാസമാണ് കോഴ്സ് കാലാവധി. എട്ടാംക്ലാസ് പൂര്‍ത്തിയാക്കിയ 17 വയസ് പ്രായമുള്ള ആര്‍ക്കും ഈ കോഴ്സുകളില്‍ ചേരാം. ഔപചാരിക തലത്തില്‍ എട്ട് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കോഴ്സില്‍ ചേരാവുന്നതാണ്. ഇവര്‍ക്ക് പ്രായപരിധി ബാധകമല്ല. സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും ഔപചാരിക തലത്തില്‍ എട്ടാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രജിസ്ട്രേഷന് ഫീസ്, കോഴ്സ് ഫീസ് എന്നീ ഇനങ്ങളില്‍ 2000 രൂപ അടച്ചാല്‍ മതിയാകും.
ഒരു സ്കൂളിലെ 20 പേര് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ സ്കൂളില്‍ സമ്പര്‍ക്കപഠനകേന്ദ്രം അനുവദിക്കുന്നതാണ്. അധ്യാപകര്‍, രക്ഷിതാക്കള്‍, അനധ്യാപകര്‍ എന്നിവര്‍ക്കും കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പകല്‍ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ്. നിലവില്‍ സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് ശനിയാഴ്ച മാത്രമായിരിക്കും സമ്പര്‍ക്കപഠന ക്ലാസ്.