വയനാട് ആദിവാസി സാക്ഷരതാപദ്ധതി രണ്ടാംഘട്ടം പരീക്ഷ ആഘോഷമാക്കി ജില്ലയിലെ ഊരുകള്‍. പരീക്ഷയെഴുതിയതില്‍ 2590 പേര് സ്ത്രീകളാണ്. 589 പുരുഷന്മാരും. ജില്ലയിലെ 200 ഊരുകളിലാണ് രണ്ടാംഘട്ടത്തില്‍ സാക്ഷരതാ പദ്ധതി നടപ്പാക്കിയത്. കല്പറ്റ നഗരസഭയിലെ നെടുനിലം കോളനിയിലെ 92 വയസ്സുകാരി വെള്ളച്ചി മുതല്‍ അമ്പലവയല്‍ പുല്പ്പാടിക്കുന്ന് കോളനിയിലെ 16-കാരി അമ്മു ഉള്‍പ്പെടെ മൊത്തം 3179 പേരാണ് ഇത്തവണ അക്ഷരവെളിച്ചത്തിലെത്തിയത്. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിമൂല കോളനിയില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
എഴുത്തുപരീക്ഷയും വായനപരീക്ഷയും കണക്കു പരീക്ഷയും നടന്നു. നാലു വിഭാഗങ്ങളിലായി നൂറുമാര്ക്കിനാണ് പരീക്ഷ. മാനന്തവാടി നഗരസഭയിലെ പടച്ചി്ക്കുന്ന് കോളനിയിലെ 85 വയസ്സുകാരി കെമ്പി. ഓണിവയല്‍ കോളനിയിലെ 85 വയസ്സുകാരി ചീരു എന്നിവരും മുതിര്‍ന്ന പഠിതാക്കളായിരുന്നു. ജില്ലയിലെ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 200 ഊരുകളിലായി കഴിഞ്ഞ മാര്‍ച്ചിലാണ് സാക്ഷരതാ ക്ലാസുകള്‍ ആരംഭിച്ചത്. പഠിതാക്കളുടെ സൗകര്യാര്‍ത്ഥം എല്ലാ ദിവസവും വൈകിട്ടായിരുന്നു ക്ലാസുകള്‍.
സര്‍വേയില്‍ കണ്ടെത്തിയത് 5,342 നിരക്ഷരരെ
വയനാട് ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാംഘട്ട സര്‍വേയില്‍ മൊത്തം 5342 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഇതില്‍ 3133 പേര് സ്ത്രീകളും 2209 പേര് പുരുഷന്മാരുമാണ്. നിരക്ഷരരില്‍ 2993 പേര് 15 നും 50 നും ഇടയില്‍ പ്രായമുള്ളവരും 2349 പേര് 50 വയസിനുമേല്‍ പ്രായമുള്ളവരുമാണ്. രണ്ടാംഘട്ടത്തില്‍ 200 ഊരുകളിലെ 4371 വീടുകളിലാണ് സര്‍വേ നടത്തിയത്. ഈ വീടുകളിലെ മൊത്തം 16,799 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി,കല്പറ്റ നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമാണ് സര്‍വേ നടത്തിയത്.
നിരക്ഷരര്‍, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തലങ്ങള്‍ വിജയിക്കാത്തവര്‍ എന്നിങ്ങനെ തിരിച്ചായിരുന്നു സര്‍വേ. നാലാംതരം വിജയിക്കാത്തവര്‍- 1642, നാലാംതരം വിജയിക്കുകയും എന്നാല്‍ ഏഴാംതരം വിജയിക്കാന്‍ കഴിയാതെപോയവരുമായ 2402 പേരെ കണ്ടെത്തി. ഏഴാംതരം വിജയിച്ചെങ്കിലും പത്താംതരം കടക്കാത്തവരുടെ എണ്ണം- 2285. പത്താംതരം വിജയിച്ചിട്ടും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയത് 1208 പേരാണ്.
വിജയത്തിനായി സംഘാടകസമിതികള്‍
സാക്ഷരതാ പരിപാടി നടപ്പിലാക്കാന്‍ ജില്ലയില്‍ നിരക്ഷരത ഏറ്റവും കൂടിയ 200 ഊരുകളെ കണ്ടെത്തി നല്‍കിയത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. ആദിമ ആദിവാസി ഗോത്രവര്‍ഗമായ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഊരുകളാണിവ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി ജില്ലാ സാക്ഷരതാ സമിതിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കുന്ന ഊരുകളുടെ ലിസ്റ്റ് സംസ്ഥാന സാക്ഷരതാമിഷന്‍ സമര്‍പ്പിക്കുകയായിരുന്നു. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി 200 ഊരുകളിലും അതാത് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെ അധ്യക്ഷന്‍മാരാക്കിയുള്ള സംഘാടകസമിതിയും പ്രവര്‍ത്തിച്ചു. ജില്ലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ കണ്‍വീനറായും വിപുലമായ സംഘാടക സമിതിയ്ക്കും രൂപം നല്കി. വാര്‍ഡ് അംഗം ചെയര്മാന്, ഊര്കൂട്ടം മൂപ്പന് വൈസ്ചെയര്‍മാന്‍, ഇന്‍സ്ട്രക്ടര്‍ കണ്‍വീനര്‍ എന്നിങ്ങനെ കോളനികള്‍ കേന്ദ്രീകരിച്ച് പ്രാദേശിക സംഘാടക സമിതികളും രൂപീകരിച്ചു.
ജില്ലയിലെ 282 ഊരുകളിലായി 2017 ല്‍ ആരംഭിച്ച വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മൊത്തം 4,309 (95.5%) പേര് സാക്ഷരതാ പരീക്ഷ വിജയിച്ചിരുന്നു.