പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി സാക്ഷരതാപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രവേശനോത്സവം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂര്‍: സ്വാതന്ത്ര്യ ദിനത്തില്‍ അക്ഷരകേരളം മറ്റൊരു പൊന്‍തൂവല്‍ കൂടി അണിഞ്ഞു. വിമലാ ഭായിയും സീമ മണ്ഡലും എഴുതി ‘റ’. പിന്നെ കണ്ണുകളില്‍ അക്ഷരവെളിച്ചത്തിന്റെ അഭിമാനം. അറിവിന്റെ ചിറകില്‍ ഉയര്‍ന്നുപറക്കാന്‍ വെമ്പുന്ന ഒരു ജനതയുടെ സ്വപ്നസാഫല്യമായത്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്‍ പെരുമ്പാവൂരില്‍ നടത്തിയ പ്രവേശനോത്സവത്തിനു മികച്ച പ്രതികരണം. സ്ത്രീകളും കുട്ടികളുമടക്കം ക്ലാസിലെത്തിയതു 432 പേര്. പെരുമ്പാവൂര്‍ റയോണ്‍പുരം കവലയിലായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്. ക്ലാസിലെത്തിയ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും അസമില്‍ നിന്നുള്ളവരാണ്.
ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കാന്‍ ‘ഹമാരി മലയാളം’ എന്ന പേരില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും പെരുമ്പാവൂര്‍ റയോണ്‍പുരം എം.ഐ.എം ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്‍ തയാറാക്കിയ ‘ഹമാരി മലയാളം’ പാഠാവലി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ മാതൃകാ പദ്ധതി നടപ്പിലാക്കിയശേഷം മറ്റ് ജില്ലകളില്‍ ഓരോ പഞ്ചായത്ത് വീതം തെരഞ്ഞെടുത്ത് പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനക്കാരെ അപരിഷ്കൃതരും കുറ്റവാസനയുള്ളവരുമായി കാണുന്ന മനോഭാവം മാറണമെന്നും അവരെ സാക്ഷരരാക്കുന്നതിനുള്ള പദ്ധതി കേരളത്തിന്റെ വികസനം വേഗത്തിലാക്കും. മെച്ചപ്പെട്ട കൂലി ലഭിക്കുന്നതിനാലാണു കേരളത്തിലേക്കു തൊഴിലാളികള്‍ ചേക്കേറുന്നത്. ഇവര്‍ക്കു വൃത്തിയുള്ള ജീവിത സാഹചര്യം ഒരുക്കി നല്‍കണം. കേരളത്തില്‍ ജീവിക്കുന്ന അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാന്‍ നമുക്കു ബാധ്യതയുണ്ടെന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ക്ലാസിനു നേതൃത്വം നല്കി.