തിരുവനന്തപുരം: അനൗപചാരിക വിദ്യാഭ്യാസത്തിലെ കേരള മോഡല്‍ ഇനി രാജ്യമെമ്പാടും വ്യാപിക്കും. കേരളത്തില്‍ നടപ്പിലാക്കിവരുന്ന അനൗപചാരിക പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി രാജ്യമെമ്പാടും വ്യാപിപ്പിക്കാന്‍ ദേശീയ സാക്ഷരതാമിഷന്‍ അതോറിറ്റി തീരുമാനം. കേരളത്തിലെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസം മാതൃകയാണെന്നും ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി മനസ്സിലാക്കാന്‍ താല്്പര്യമുണ്ടെന്നും കാട്ടി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയ്ക്ക് കത്തയച്ചു. ലോക സാക്ഷരതാദിനത്തോടനുബന്ധിച്ച് ഈ മാസം 7ന് ഡല്‍ഹിയിലെ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക സാക്ഷരതാ പരിപാടിയില്‍ പങ്കെടുത്ത് കേരളത്തില്‍ നടപ്പിലാക്കിവരുന്ന സവിശേഷമായ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടികളെക്കുറിച്ച് സംവദിക്കാനാണ് പ്രത്യേക ക്ഷണക്കത്ത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ സാക്ഷരതാമിഷന്‍, ഇന്ത്യന്‍ അഡല്‍റ്റ് എജ്യുക്കേഷന്‍ പ്രതിനിധികളുമായി സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ചര്‍ച്ച നടത്തും.
2009 -ല്‍ സംസ്ഥാന സാക്ഷരതാമിഷന്‍ കേന്ദ്രസഹായം നിറുത്തലാക്കിയശേഷം ഇതാദ്യമായാണ് കേന്ദ്രമാനവ വികസന മന്ത്രാലയത്തില്‍ നിന്നും സാക്ഷരതാ തുടര്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേരളത്തിന് ക്ഷണം ലഭിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം. കേരളത്തില്‍ നടപ്പാക്കുന്ന അനൗപചാരിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ കേന്ദ്ര സാക്ഷരതാമിഷനോട് നീതി ആയോഗ് അധികൃതരും നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ അധികൃതര്‍ നടത്തിയ ആലോചനാ യോഗത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു.
കേരളത്തിലെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി ഓരോ സംസ്ഥാനവും യോജ്യമായ മാറ്റങ്ങള്‍ വരുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കേന്ദ്ര സാക്ഷരതാമിഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു.
നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും ചേര്‍ന്നു നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാക്ഷരതാ പദ്ധതിയായ പഠ്നാ ലിഖ്നാ അഭിയാന് പദ്ധതിയിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെപ്തംബര്‍ ഏഴിന് ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നടന്നവരുന്ന സവിശേഷമായ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററിയും ദേശീയ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി ദേശീയ സാക്ഷരതാമിഷന്‍ പ്രത്യേക മീഡീയ സംഘത്തെ കേരളത്തില്‍ അയച്ചിട്ടുണ്ട്. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനിലെ ലളിത് ശര്‍മ്മ, സൗവീക് ഭട്ടാചാര്‍ജി എന്നിവരുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രവര്‍ത്തനം പുരോഗമിക്കുന്നത്. സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയ 98- വയസ്സുള്ള ആലപ്പുഴ ചേപ്പാട് സ്വദേശി കാര്‍ത്യായനിയമ്മ, പോളിയോ ബാധിച്ച് ശരീരത്തില്‍ 70 ശതമാനം വൈകല്യം ബാധിച്ചിട്ടും 80 ശതമാനം മാര്‍ക്കോടെ സാക്ഷരതാമിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച പുനലൂര്‍ സ്വദേശി അനില്‍, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് പാസായി 52-ാം വയസ്സില്‍ പാലാ അല്‍ഫോണ്‍സാ കോളജില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടിയ ഏറ്റവുമാനൂര് സ്വദേശിനി റസി മാത്യു, ട്രാന്‍സ് ജെന്‍ഡര്‍ പഠിതാക്കള്‍ക്കായി രാജ്യത്ത് ആദ്യമായി സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന സമന്വയ പദ്ധതി ക്ലാസുകള്‍, സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന വിവിധ ആദിവാസി സാക്ഷരതാ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ക്ലാസുകള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിച്ച് ചിത്രീകരിച്ചു.