സ്ത്രീകളുടെ ജീവിത തൊഴില്‍- സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ വനിതകളെയും പത്താംതരം, ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവരാക്കി മാറ്റുന്നു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ തയ്യാറാക്കിയ ‘സമ’ പദ്ധതിയില്‍ ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കും. സംസ്ഥാനത്തെ 1000 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക (കേരളത്തില്‍ മൊത്തം 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്). പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായി 50 സ്ത്രീകള്‍ പഠിതാക്കളായുള്ള ഓരോ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ ബാച്ചുകളാണ് ആരംഭിക്കുന്നത്. മൊത്തം ഒരു ലക്ഷം പഠിതാക്കള്‍ പദ്ധതിയുടെ ഭാഗമായി ക്ലാസുകളിലെത്തും. രാജ്യത്താദ്യമായാണ് ഇത്രയധികം വനിതകളെ ഒരുമിച്ച് പഠനരംഗത്തെത്തിക്കുന്നത്.
കേരളത്തില്‍ മൊത്തം 48 ലക്ഷം കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇതില്‍ പത്താംതരം യോഗ്യത ഇല്ലാത്തവരാണ് ഭൂരിഭാഗം പേരും. ഇവരുടെ വിവരങ്ങള്‍ കുടുംബശ്രീ മിഷന് ശേഖരിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡ് തലത്തില്‍ തന്നെ മുഴുവന്‍ അംഗങ്ങളൈയും പത്താംതരം, ഹയര്‍ സെക്കന്‍ഡറി പഠനത്തിന് സജ്ജരാക്കുന്നത്. പഠിതാക്കള്‍ക്കുള്ള കോഴ്സ് ഫീസും പരീക്ഷാ ഫീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. രജിസ്ട്രേഷന് ഫീസും അഡ്മിഷന് ഫീസും സാക്ഷരതാമിഷന്‍ ഒഴിവാക്കും. പത്താംതരംത്തിന് കോഴ്സ് ഫീസ് 1750, പരീക്ഷാഫീസ് 500 എന്നിങ്ങനെ മൊത്തം 2250 രൂപയാണ് ഫീസ്. ഹയര്‍സെക്കന്‍ഡറിക്ക് രണ്ടുവര്‍ഷത്തേക്ക് 4400 രൂപയാണ് കോഴ്സ് ഫീസ്. പരീക്ഷാ ഫീസ് രണ്ടുവര്ഷത്തേക്കുമായി 1500 രൂപ. മൊത്തം ഫീസ് 5900 രൂപ.
കുടുംബശ്രീ അംഗങ്ങളില്‍ യോഗ്യരായ സ്ത്രീകള്‍ക്കാണ് ഈ കോഴ്സുകളില്‍ അധ്യാപകരാകാന്‍ മുന്‍ഗണന. യോഗ്യരായവര്‍ ഇല്ലെങ്കില്‍ മറ്റ് വനിതകളെ പരിഗണിക്കും. തുല്യതാ പഠനകേന്ദ്രങ്ങളുടെ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരെ കുടുംബശ്രീ നിയോഗിക്കും. അധ്യാപകര്‍ക്കും സെന്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ഓണറേറിയം സാക്ഷരതാമിഷന്‍ വഹിക്കും.
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒന്ന് എന്ന ക്രമത്തിലാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പഠിതാക്കളുടെ ലിസ്റ്റും പ്രോജക്ടും സി.ഡി.എസിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ നല്‍കും. ഇതിനുള്ള യോഗം ഒക്ടോബര്‍ 10ന് മുമ്പ് എല്ലാ ജില്ലകളിലും നടക്കും. ഒക്ടോബര്‍ 11 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കും. ക്ലാസുകള്‍ 2020 ജനുവരിയില്‍ ആരംഭിക്കും. ഔപചാരികതലത്തില്‍ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും സാക്ഷരതാമിഷന്റെ ഏഴാതംതരം തുല്യതാ കോഴ്സ് പാസായവര്‍ക്കും പത്താംതരം തുലത്യതാ കോഴ്സില്‍ ചേരാം. 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സില്‍ ചേരാനുള്ള കുറഞ്ഞ പ്രായപരിധി 22 വയസ്സാണ്. ഔപചാരികതലത്തിലെ പത്താം ക്ലാസ് അല്ലെങ്കില്‍ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്സ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സില്‍ പ്രവേശനം നേടാം.
സ്കൂള്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവരും ഇനി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവരും സാമ്പത്തികവും കുടുംബസാഹചര്യവും അനുവദിക്കാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തവരുമായ നിരവധി സ്ത്രീകള്‍ക്ക് സമ പദ്ധതി ഗുണകരമാകും