സാക്ഷരതാമിഷന്റെ നാലാംതരം തുല്യത വിജയിച്ച കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമാദിയുടെ അഭിനന്ദനം. ജീവിതത്തില്‍ പുരോഗതി ഉണ്ടാകണമെങ്കില്‍ നമ്മിലെ പഠിതാവിന് അന്ത്യമുണ്ടാകരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഉദാഹരണമായി അവതരിപ്പിച്ചത് 105-ാം വയസ്സില്‍ വീണ്ടും പഠനം തുടങ്ങിയ ഭാഗീരഥിയമ്മയുടെ ജീവിതകഥ.
ഭാഗീരഥിയമ്മ പ്രചോദനമാണെന്നു പറയുമ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും ആരാണിതെന്ന്. ഭാഗീരഥിയമ്മ കേരളത്തിലെ കൊല്ലത്തു ജീവിക്കുന്നു. കുഞ്ഞായിരിക്കുമ്പോഴെ അമ്മയെ നഷ്ടമായി. വൈകാതെ, ഭര്‍ത്താവിനെയും നഷ്ടമായി. എന്നാല്‍, ധൈര്യവും ഉത്സാഹവും നഷ്ടപ്പെടുത്താന്‍ ഭാഗീരഥിയമ്മ തയ്യാറായില്ല.
105 വയസ്സാകുംമുമ്പേ പഠനം നിറുത്തേണ്ടി വന്ന ഭാഗീരഥിയമ്മ വീണ്ടും പഠനം തുടങ്ങി. 105-ാം വയസ്സില്‍ പ്രായം വകവയ്ക്കാതെ ഭാഗീരഥിയമ്മ നാലാംതരം പരീക്ഷയെഴുതി ഫലത്തിനായി കാത്തിരുന്നു. പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് നേടി.
തീര്‍ന്നില്ല, കണക്കിനു മുഴുവന്‍ മാര്‍ക്കും നേടി. അമ്മയ്ക്ക് ഇനിയും പഠിക്കണം. ഉയര്‍ന്ന പരീക്ഷകളെഴുതണം. സംശയമില്ല, ഭാഗീരഥിയമ്മയെപ്പോലുള്ളവര്‍ നമ്മുടെ രാജ്യത്തിന്റെ കരുത്താണ്. നമുക്കെല്ലാം പ്രചോദനത്തിന്റെ വലിയ സ്ത്രോതസാണ്. ഇന്നു ഞാന്‍ ഭാഗീരഥിയമ്മയെ പ്രത്യേകമായി അഭിനന്ദിക്കുന്നു- മോദി പറഞ്ഞു.
ജന്മസുകൃതം – ഭാഗീരഥിയമ്മ
പ്രധാനമന്ത്രി തന്നെ പ്രശംസിക്കുന്നത് ടി.വിയില്‍ കണ്ട ഭാഗീരഥിയമ്മ ഇതു തന്റെ ജന്മസുകൃതമാണെന്ന് പറഞ്ഞു. മനസ്സു നിറഞ്ഞു. ഇനിയും സാക്ഷരതാമിഷനിലൂടെ പഠിച്ചു മുന്നേറും- ഭാഗീരഥിയമ്മ പറഞ്ഞു.