തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാക്ഷരതാപദ്ധതി പഠ്ന ലിഖ്ന അഭിയാന് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സന്നദ്ധതയറിയിച്ച് വിവിധ സംഘടനകള്‍. പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സാക്ഷരതാമിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എന്‍.എസ.്എസ്, എന്‍.സി.സി, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, നെഹ്റുയുവകേന്ദ്ര, യുവജനക്ഷേമബോര്‍ഡ് എന്നീ സംഘടനകള്‍ പൂര്‍ണപിന്തുണ അറിയിച്ചത്. പഠ്ന ലിഖ്ന അഭിയാന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിലും സര്‍വേകളിലും ക്ലാസുകളിലും വളണ്ടിയര്‍മാരായും സംഘാടകരായും വിവിധസംഘടനകളിലെ ഉദ്യോഗസ്ഥരും അംഗങ്ങളും പങ്കെടുക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് യോഗത്തില്‍ പങ്കെടുത്ത സംഘടനകളുടെ ജില്ലാതലങ്ങളിലേക്ക് അറിയിപ്പ് നല്‍കാനും തീരുമാനമായി. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്.ശ്രീകല അധ്യക്ഷയായി. ഡോ.അന്‍സര്‍ (എന്‍.എസ്.എസ്), ശ്രീ. കെ. കുഞ്ഞഹമ്മദ്, ശ്രീ.അലി സാബ്രിന് (നെഹ്റുയുവകേന്ദ്ര), ശ്രീ.വിപിന്‍ വി.സി (കുടുംബശ്രീ), ശ്രീ വി. ഡി. പ്രസന്നകുമാര്‍, ശ്രീ കെ.ആര് രാജേഷ്, ശ്രീ ബി. ഷീജ (യുവജനക്ഷേമബോര്‍ഡ്), ഡോ. ആര് മേഴ്സി, ശ്രീ. അനിരുദ്ധന് (ഡയറ്റ്), ശ്രീമതി. കെ. വിജയകുമാരി (പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റ്), ശ്രീമതി. എസ്.ജെ.ഷാനി (എന്‍.സി.സി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.