തിരുവനന്തപുരം: ആദിവാസി മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി സാക്ഷരതാമിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാപദ്ധതിയുടെ പരീക്ഷ ഡിസംബര്‍ 11 ന് ആരംഭിക്കും. സാക്ഷരതാമിഷന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 19,772 പേര് പരീക്ഷയെഴുതും. ഡിസംബര്‍ 11 മുതല്‍ 19 വരെ 2443 ആദിവാസി ഊരുകളിലായി മികവുത്സവമായാണ് പരീക്ഷ നടത്തുക. പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുമാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ 11 മുതല്‍ 19 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാന്‍ പഠിതാക്കള്‍ക്ക് അവസരമുണ്ട്. പഠിതാക്കള്‍ക്ക് അവരവരുടെ ഊരുകളില്‍ തന്നെ പരീക്ഷയെഴുതാന്‍ കഴിയും.
മാനന്തവാടി ബ്ലോക്കില്‍ നിന്ന് 6105 പേരും പനമരം ബ്ലോക്കില്‍ നിന്ന് 5123 പേരും കല്പറ്റ ബ്ലോക്കില്‍ നിന്ന് 3734 പേരും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നിന്ന് 4810 പേരുമാണ് ക്ലാസിലെത്തി പരീക്ഷക്ക് തയ്യാറെടുക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍ ആരംഭിച്ചിരുന്നു. ആദിവാസി വിഭാഗക്കാരായ 924 ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടത്തിയത്.
2019 ലാണ് വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാപദ്ധതി ആരംഭിക്കുന്നത്. ജില്ലയിലെ 2443 ആദിവാസി ഊരുകളില്‍ നടത്തിയ സര്‍വേയില്‍ 24,472 നിരക്ഷരരായ ആദിവാസികളെയാണ് കണ്ടെത്തിയത്. ഇതില്‍ 8923 പുരുഷന്മാരും, 15,549 സ്ത്രീകളുമായിരുന്നു. അതത് ആദിവാസി ഊരില്‍ നിന്ന് 1223 ഇന്‍സ്ട്രക്ടര്‍മാരെയും കണ്ടെത്തി പഞ്ചായത്തുകള്‍തന്നെ നിയോഗിച്ചു. 2021 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ക്ലാസുകള്‍ ആരംഭിച്ചു.
ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 2017-18 വര്‍ഷത്തില്‍ 300 ആദിവാസി ഊരുകള്‍ തിരഞ്ഞെടുത്ത് 5458 നിരക്ഷരരെ കണ്ടെത്തിയിരുന്നു. ഇതില്‍ 4865 ആദിവാസികള്‍ ക്ലാസിലെത്തുകയും 4309 പേര് വിജയിക്കുകയും ചെയ്തു. 2018-19ലെ രണ്ടാംഘട്ടത്തില്‍ 200 ഊരുകള്‍ തെരെഞ്ഞെടുത്ത് 4324 നിരക്ഷരരെ കണ്ടെത്തി. 3487 പേര് ക്ലാസിലെത്തുകയും 3179 പേര് പരീക്ഷ എഴുതുകയും 2993 പേര് വിജയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പദ്ധതി ആരംഭിച്ചത്.foo