കല്പറ്റ : സംസ്ഥാന സാക്ഷരതാ മിഷൻ ആദിമുഖ്യത്തിൽ വയനാട് ജില്ലയിൽ സമ്പൂർണ ആദിവാസി സാക്ഷരതാ ഊരുകളിൽ ഡിസംബർ 11 മുതൽ 18 വരെ നടത്തിയ പരീക്ഷയിൽ 12633 പേർ വിജയിച്ചു.
97.49 ശതമാനമാണ് വിജയം. ആകെ 12958 പേരാണ് പരീക്ഷ എഴുതിയത്. 3104 പുരുഷന്മാരും, 9854 സ്ത്രീകളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 2949 പുരുഷന്മാരും, 9684 സ്ത്രീകളുമാണ് വിജയിച്ചത്. 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി സമയ ബന്ധിതമായി നടന്ന പരീക്ഷയിൽ 919 ആദിവാസി ഊരിൽ നിന്നാണ് പരീക്ഷ എഴുതിയത്. പൊഴുതന ഗ്രാമപഞ്ചായത്തിൽ സുഗന്ധഗിരി പ്ലാന്റേഷനിൽ നിന്ന് 85 വയസ്സുള്ള ചിപ്പിയമ്മയാണ് വിജയിച്ചവരിൽ ഏറ്റവും പ്രായം കൂടിയ പഠിതാവ്.
ജില്ലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടുതൽ പേരെ പരീക്ഷക്ക് ഇരുത്തിയത്. 1124 പേർ പരീക്ഷ എഴുതിയവരിൽ 1122 പേർ വിജയിച്ചു. 1526 പേരെയാണ് സർവെയിലൂടെ കണ്ടെത്തിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറച്ച് പേർ പരീക്ഷക്ക് ഇരുന്നത്. 87 പേർ പരീക്ഷ എഴുതിയതിൽ 83 പേർ വിജയിച്ചു. 350 പേരെയാണ് സർവെയിലൂടെ കണ്ടെത്തിയത്.
ആദിവാസി ഊരിൽ നിന്നുള്ള 804 ഇൻസ്ട്രക്ടർമാരാണ് പരീക്ഷക്ക് നേതൃത്വം നൽകിയത്. 2019 ൽ നടന്ന പ്രാഥമിക സർവ്വെയിൽ 24,472 പേരെ കണ്ടെത്തിയെങ്കിലും സർവെ കൺസോളിഡേഷനിൽ 22908 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 8123 സ്ത്രീകളും, 14,785 പുരുഷന്മാരും ആണ് സർവെയിലൂടെ കണ്ടെത്തിയത്. മുഴുവൻ പേരെയും ലക്ഷ്യം വെച്ച് ക്ലാസുകൾ മുന്നേറിയിട്ടുണ്ടെങ്കിലും 19,772 പേരാണ് 2019 മുതൽ 2021 ഡിസംബർ വരെ ക്ലാസിലെത്തിയത്. 919 പണിയ വിഭാഗക്കാരായ ആദിവാസി സാക്ഷരതയുടെ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തിയത്. മാനന്തവാടി ബ്ലോക്കിൽ നിന്ന് 6105 പേരും പനമരം ബ്ലോക്കിൽ നിന്ന് 5123 പേരും കല്പറ്റ ബ്ലോക്കിൽ നിന്ന് 3734 പേരും സുൽത്താൻ ബത്തേരി ബ്ലോക്കിൽ നിന്ന് 4810 പേരുമാണ് ക്ലാസിലെത്തിയിരുന്നത്. കോവിഡ് കാരണം 2021മെയ് 6 മുതൽ നിർത്തി വെച്ച ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരതാ ക്ലാസുകൾ നവംബർ 1 മുതൽ ആരംഭിച്ചിരുന്നു. കോവിഡ് കാരണം 2 തവണ നിലച്ച ക്ലാസുകളാണ് നവംബറിൽ പുനരാരംഭിച്ച് ഡിസംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചത്. ഏകദേശം പദ്ധതിയുടെ പരിധിയിലധികം ദിവസങ്ങളിൽ ഓരോ പഠിതാക്കൾക്കും ക്ലാസ് ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുത്ത് ക്ലാസുകൾ നടത്തിയിരുന്നത്. ജില്ലയിലെ പ്രേരക്മാർക്കും, പദ്ധതിക്കായി തിരഞ്ഞെടുത്ത പഞ്ചായത്ത്തല കോ-ഓർഡിനേർക്കും പദ്ധതിയുടെ കോ – ഓർഡിനേഷൻ ചുമതല നൽകിയിരുന്നു.
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ടത്തിൽ 2017 – 18 ൽ 300 ആദിവാസി ഊരുകൾ തിരഞ്ഞെടുത്ത് 5458 നിരക്ഷരരെ കണ്ടെത്തിയിരുന്നു. ഇതിൽ 4865 ആദിവാസികൾ ക്ലാസിലെത്തുകയും പരീക്ഷ എഴുതുകയും ചെയ്തു. 4309 പേരാണ് വിജയിച്ചത്. ശേഷം 2018 – 19ൽ രണ്ടാംഘട്ടത്തിൽ 200 ഊരുകൾ തെരെഞ്ഞെടുത്ത് 4324 നിരക്ഷരരെ കണ്ടെത്തി. 3487 പേർ ക്ലാസിലെത്തുകയും 3179 പേർ പരീക്ഷ എഴുതുകയും ചെയ്തു. 2993 പേരാണ് വിജയിച്ചത്. ശേഷമാണ് സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതി ആരംഭിച്ചത്.