തിരുവനന്തപുരം: അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്ക്കരിച്ച ‘അക്ഷരശ്രീ’ പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരതാമിഷനും കൈകോര്‍ത്തുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം നഗരസഭയില്‍ മാതൃകാപദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. നഗരസഭയുടെ 2017- 18 വര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിഭാഗത്തിനും വനിതകള്‍ക്കും വേണ്ടി ‘അക്ഷരശ്രീ’ ക്കായി രണ്ട് പ്രോജക്ടുകള്‍ സാക്ഷരതാമിഷന്‍ അനുവദിച്ചു.
സാക്ഷരതാമിഷന്റെ സംഘടനാസംവിധാനം, സാക്ഷരത-തുല്യതാ കോഴ്സുകള്‍, അക്കാദമിക് സൗകര്യങ്ങള്‍ തുടങ്ങിയവ പദ്ധതിക്കായി വിനിയോഗിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിരക്ഷരരെ സാക്ഷരരാക്കുക, പഠനം മുടങ്ങിപ്പോയ മുഴുവന്‍ മുതിര്‍ന്നവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് വരെ പഠിക്കാന്‍ അവസരം ഒരുക്കുക, വിവിധങ്ങളായ സാമൂഹ്യസാക്ഷരതാപദ്ധതികളില് പങ്കാളികളാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്താനാണ് ലക്ഷ്യമിടുന്നത്. കോര്പറേഷന് തലത്തിലും വാര്‍ഡ് തലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ചുകൊണ്ട് നഗരസഭയുടെ സഹകരണത്തോടെ ജനകീയ സംരഭമായാണ് മാതൃകാപദ്ധതി നടപ്പിലാക്കുക. കോര്പറേഷന് തലത്തില്‍ മേയര്‍ ചെയര്‍മാനും വാര്‍ഡ് തലത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍പേഴ്സണുമായുള്ള സംഘാടകസമിതികളാണ് രൂപീകരിക്കുന്നത്.
പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേ ജൂണ്‍ 24ന് നടക്കും. നഗരസഭയിലെ രണ്ടരലക്ഷത്തോളം വരുന്ന വീടുകളില്‍ സാക്ഷരത- തുടര്‍വിദ്യാഭ്യാസ സര്‍വേ നടത്തും. 5000 സര്‍വേ വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ. സര്‍വേ വോളന്റിയര്‍മാരെ ഓരോ വാര്‍ഡിലും 50 പേര് വീതമുള്ള സ്ക്വാഡുകളാക്കി തിരിച്ചാണ് സര്‍വേ പ്രവര്‍ത്തനം. ഓരോ വാര്‍ഡിലും 30 വിദ്യാര്‍ത്ഥികള്‍, 10 സാക്ഷരതാ പഠിതാക്കള്‍, പ്രേരക്മാര്‍, സാക്ഷരതാമിഷന്‍ ജീവനക്കാര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, റസി.അസോസിയേഷന് ഭാരവാഹികള്‍, സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ 10 പേര് എന്നിങ്ങനെയുള്ള സര്‍വേ ടീമിനാണ് രൂപം നല്‍കുന്നത്.
സര്‍വേക്കുശേഷം ഓരോ വാര്‍ഡിലും സാക്ഷരതാക്ലാസുകള്‍ ആരംഭിക്കും. എന്‍എസ്എസ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. തുടര്‍ന്ന് നാല്, ഏഴ് തുല്യതാ കോഴ്സുകള്‍ നടത്തും. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ അടുത്ത ബാച്ചില്‍ ‘അക്ഷരശ്രീ’ പദ്ധതി പ്രകാരം 1500 പേര്‍ക്ക് പത്താംതരം തുല്യതാ കോഴ്സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റ് പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരത-തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കൂടിയ കൗണ്‍സിലര്‍മാരുടെ യോഗം വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്നും അതിനായി ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസമേഖലകളെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.കെ.പ്രശാന്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പദ്ധതി രൂപരേഖ അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍നായര്‍, ‘അക്ഷരശ്രീ’ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.