തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരമാകുന്നു. പേട്ട ഗവ.സ്കൂളിനു സമീപമായാണ് നാല് നില കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും നിരക്ഷരതയുടെ തുരുത്തുകള്‍ അവശേഷിക്കുന്നത് തിരിച്ചറിഞ്ഞ് സാക്ഷരതാമിഷന്‍ നടത്തിവരുന്ന സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കാണുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തില്‍ നിലനില്ക്കണമെങ്കില് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ വിദ്യാഭ്യാസപരമായും സാംസ്കാരികവുമായ അവബോധം രൂപപ്പെടണം. സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആ ദിശയിലാണ് നീങ്ങുന്നത്. . ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്സ്ജെന്റര്, തീരദേശവാസികള്‍, ആദിവാസികള്‍, ചേരികളില്‍ വസിക്കുന്നവര്‍, പട്ടികജാതി മേഖലയിലുള്ളവര്‍ തുടങ്ങിയവരെ മുഖ്യധാരയിലെത്തിക്കുന്നതിനായി സാക്ഷരതാമിഷന്‍ നടത്തിവരുന്ന അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. വിവിധ ഗോത്രഭാഷകള്‍ സംസാരിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെ അറിവിന്റെ ലോകത്തെത്തിക്കുന്നത് ശ്രമകരമാണ്. അതിന് അവരില്‍ നിന്നു തന്നെ അധ്യാപകര്‍ ഉണ്ടാകേണ്ടതുണ്ട്. ആ തിരിച്ചറിവ് ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാസമ്പന്നരായ ആദിവാസി യുവാക്കളെ തന്നെ ഇന്സ്ട്രക്ടര്മാരാക്കി സാക്ഷരതാമിഷന്‍ നടത്തിവരുന്ന ആദിവാസി സാക്ഷരതാപദ്ധതികള്‍ ദേശീയതലത്തില്‍ തന്നെ വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റി.
ഇന്ത്യ പോലുള്ള ഒരു വിശാല രാഷ്ട്രത്തില്‍ ദേശീയ ഉദ്ഗ്രഥനത്തിന് ഉപോത്ബലകമാകുന്ന പദ്ധതികളും സാക്ഷരതാമിഷന്‍ വിജയകരമായി നടപ്പിലാക്കി വരികയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ‘ചങ്ങാതി’ പദ്ധതിയില്‍ പെരുമ്പാവൂരില്‍ 568 പേര് പരീക്ഷയെഴുതിയത് ഇതിനു നിദര്‍ശനമാണ്. പദ്ധതിയിലൂടെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളേയും പഠനത്തില്‍ വ്യാപൃതരാക്കാന്‍ കഴിഞ്ഞു. ഇത്തരം വിശാലമായ കാഴ്ചപ്പാടുകളില്‍ അധിഷ്ഠിതമായ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിന്റെ പൊതുവികാസം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗസരസഭ മേയര്‍ വി.കെ.പ്രശാന്ത്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ.ഷാജഹാന്, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, എക്സി.കമ്മിറ്റി അംഗങ്ങളായ ടി.കെ.നാരായണദാസ്, കെ.വി.സുമേഷ്, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോണ്‍ഫറന്‍സ്, സെമിനാര്‍ ഹാളുകള്‍ ഉള്‍പ്പെടെ 13000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടം അടുത്ത ഏപ്രില്‍ 18ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കെട്ടിട നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ ചെയര്മാന് ജി.ശങ്കര്‍ പറഞ്ഞു.