‘ചങ്ങാതി’ പദ്ധതി കൂടുതല്‍ ജനകീയമാകുന്നു
‘ഹമാരി മലയാളം’ ഡിജിറ്റല്പാഠപുസ്തകം പുറത്തിറക്കി
പഠിതാക്കള്‍- 5268. പഠനകേന്ദ്രങ്ങള്‍- 263
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ‘ചങ്ങാതി’ പദ്ധതിയുടെ സാക്ഷരതാ പാഠാവലി ‘ഹമാരി മലയാളം’ കൂടുതല്‍ ജനകീയമാകുന്നു. ഇതിന്റെ ഡിജിറ്റല്‍ ബുക്ക് പുറത്തിറക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടുന്ന കവലകള്‍, ‘ചങ്ങാതി’ പദ്ധതിക്കായി ക്രമീകരിച്ചിരിക്കുന്ന പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക്സ് സംവിധാനം പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ബുക്ക് ജനകീയമാക്കും. ഡിജിറ്റല്‍ ബുക്കിന്റെ സി.ഡി വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലക്ക് നല്കി പ്രകാശനം ചെയ്തു.
നേരത്തെ പെരുമ്പാവൂരില്‍ ആരംഭിച്ച ‘ചങ്ങാതി’ മാതൃകാ പ്രോജക്ടിന്റെ ഇന്‍സ്ട്രക്ടര്‍മാരായ ആലുവ മാറമ്പള്ളി എം.ഇ.എസ്. കോളജിലെ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ഡിജിറ്റല്‍ ബുക്ക് തയ്യാറാക്കിയത്. ഇതിനുള്ള സാങ്കേതിക സഹായം കോളജിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നല്‍കിയത്. അധ്യാപകരായ മുരുകന്, ഫ്രാന്‍സിസ് സേവ്യര്‍, ജില്‍ജിത്, രാജേഷ് തുടങ്ങിയവരുടെ സഹകരണവും ഡിജിറ്റല്‍ ബുക്ക് പുറത്തിറക്കാന്‍ പ്രയോജനകരമായി. ഡിജിറ്റല്‍ ബുക്കിന്റെ സിഡിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മാറമ്പള്ളി എം.ഇ.എസ്. കോളജിലെ ബി.എസ്സി വിദ്യാര്‍ത്ഥിനി അമ്മുശരത് ആണ്.
57 പദങ്ങളിലൂടെ മലയാളം, ഹിന്ദി അക്ഷരങ്ങളും വാക്കുകളും ചിത്രങ്ങളുടെ സഹായത്തോടെ ‘ഹമാരി മലയാളം’ ഡിജിറ്റല്‍ പാഠപുസ്തകം പരിചയപ്പെടുത്തുന്നു. 10 പാഠഭാഗങ്ങളാണ് ഡിജിറ്റല്‍ പുസ്തകത്തിലുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഭൗതിക സാഹചര്യങ്ങളുമായി കോര്‍ത്തിണക്കിയാണ് ഡിജിറ്റല്‍ പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. നേരിട്ട് അക്ഷരങ്ങളിലേക്കു കടക്കുകയല്ല, ഈ പുസ്തകത്തില്‍. മറിച്ച്, ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി എളുപ്പത്തില്‍ മലയാളം സ്വായത്തമാക്കാന്‍ കഴിയും വിധമാണ് പുസ്തകത്തിന്റെ ഘടന. ഭക്ഷണം, ആരോഗ്യം, യാത്ര, തൊഴില്‍ സാമഗ്രികള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി അവര്‍ നിരന്തരം ബന്ധപ്പെടുന്ന മേഖലകളെ അടിസ്ഥാനമാക്കിയാണ് അധ്യായങ്ങള്‍. ഭാഷയ്ക്കൊപ്പം ഗണിതവും സരസമായി പഠിപ്പിക്കുന്ന പുസ്തകത്തില്‍ ചോദ്യസൂചക പദങ്ങളും പരിചയപ്പെടുത്തുന്നു.
പെരുമ്പാവൂരില്‍ ആരംഭിച്ച ‘ചങ്ങാതി’ മാതൃക പദ്ധതിയില്‍ 432 പേരാണ് പഠിച്ചുവരുന്നത്. മറ്റു ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണത്തില്‍ പദ്ധതി വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതോടെ കേരളത്തില്‍ പദ്ധതി പ്രകാരം ക്ലാസുകളിലെത്തിയിരിക്കുന്ന മൊത്തം പഠിതാക്കളുടെ എണ്ണം 5268 ആണ്. ഇവര്‍ക്കായി മൊത്തം 263 പഠനകേന്ദ്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഒരുക്കിയിരിക്കുന്നത്.
നാല് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയില്‍ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങള്‍, സ്കൂളുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവയാണ് പഠന കേന്ദ്രങ്ങള്‍. ഓരോ പഠനകേന്ദ്രത്തിന്റെയും കീഴില്‍ 15 മുതല്‍ 20 വരെ പഠിതാക്കളാണ് ഉള്ളത്. തുടര്‍വിദ്യാകേന്ദ്രം പ്രേരക്മാര്‍ക്ക് പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയില്‍ പ്രത്യേകം ചുമതല നല്കി. വികസനവിദ്യാകേന്ദ്രം പേരക്മാര്ക്ക് ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയില്‍ അധിക ചുമതല നല്കി. ഓരോ പഠനകേന്ദ്രത്തിനും ഓരോ ഇന്‍സ്ട്രക്ടര്‍മാരെ വീതമാണ് തെരഞ്ഞെടുത്തത്. ഹിന്ദിയിലും മലയാളത്തിലും യോഗ്യതയുള്ളവരെയാണ് ഇപ്രകാരം ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തി. സാക്ഷരതാമിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാപഠിതാക്കളുടെ സേവനവും പദ്ധതിക്ക് ലഭ്യമാക്കിയിട്ടുണ്ട്.